Skip to content

മഷിത്തുള്ളി

ഞങ്ങളുടെ വീട്ടിൽ നിന്ന്
സ്കൂളിലേക്കും
കോളേജിലേക്കും പോയ
കുട്ടികളൊന്നും തിരിച്ചുവന്നില്ല.

അദൃശ്യരായി
പോയിവരാനറിയുന്ന
ചിലർമാത്രം
മടങ്ങി വന്നപ്പോഴാണ്
ഇത് സംഭവിച്ചത്.

വീട്ടുകാരറിഞ്ഞില്ല
അവർ കാത്തിരിപ്പെന്ന
ലോഹക്കൂടിനുള്ളിലായിരുന്നു,
ക്ഷമയുള്ള ലോഹത്തെ
ലോകത്തിനുരുക്കാൻ കഴിയില്ല.

നാട്ടുകാരറിഞ്ഞില്ല
അദ്ധ്യാപകരറിഞ്ഞില്ല
അദൃശ്യമാ‍ായൊരു ലോകം തീർത്ത്
അതിനുള്ളിൽ അവർ
അവരെയടച്ചിട്ടിരിക്കയായിരുന്നു.

വിവരമറിഞ്ഞ
സഹപാഠികളിലൊരാൾ
വീട്ടിലേക്ക് വന്നു.

ഉള്ളം കാലുകളിൽ നിന്നും
ചോരയുതിർന്ന് വഴിനീളെ
പൂവുകൾ ചുവന്നിരുന്നു.

ക്യാൻസർ വന്ന്
നാവു മുറിക്കേണ്ടി വന്ന
പൂച്ചയുമൊന്നിച്ച്
ഞങ്ങൾ രണ്ടു പേരും
നിറങ്ങളെ ഒന്നിച്ച്
ചവിട്ടി കുഴച്ചിരുട്ടാക്കുന്ന
ചിലരെ ഇതിനകം
തിരിച്ചറിഞ്ഞിരുന്നു.

രാത്രി കതകിൽ മുട്ട് കേട്ടു,
തണ്ടും തടിയുമുള്ള
നാലുപേർ കയറി വന്നു.

മൂന്നുനാളായി
ലഘുഭക്ഷണം പോലും
കഴിക്കാത്ത ഞങ്ങളോട്
ലഘു ലേഖകളൊന്നും
ചുണ്ടപ്പൂവിട്ട കണ്ണുകൾ ചോദിച്ചില്ല.

മാവോയിസ്റ്റാണോന്ന് ചോദിച്ചു.

നാവില്ലാത്തത്
നഖങ്ങൾ നീളാനൊരു
പോരാ‍യ്മയാവില്ലെന്ന്
പൂച്ച ചൊടിച്ചു.

അടങ്ങടങ്ങെന്നൊരൊച്ച
ഉള്ളിലടക്കിയത്
പൂച്ചയുടെ ആറാമിന്ദ്രിയത്തിലെത്തി
തിരിച്ചു വന്നു.

ചുമരിലെ പെയിന്റിങ്ങ് നോക്കി
നാലാളും പുരികങ്ങളിളക്കി.

ചുമരിലെ പെയിന്റ് നോക്കി
മുസ്ലിമാണോന്ന് ചോദിച്ചു.

പേരു കേട്ടാൽ
ക്രിസ്ത്യാനിയാണോന്ന്
ഇതിനു മുൻപ്
പലരും ചോദിച്ചിട്ടുണ്ടെന്ന്
മറുപടി കൊടുത്തു.

ഏഴുപേരും ചൊടിച്ചു.

പേരു കൊണ്ട്
ജാതിയും മതവുമറിയാൻ
കഴിയാത്ത നാളിതെന്നവർ
നാലുപേരും ചൊടിച്ചു.

ഞങ്ങളുടെ നിറം നോക്കി
ജാതി ചോദിച്ചു.

ഞങ്ങൾ മൂന്നുപേരും
വീണ്ടും ചൊടിച്ചു.

അതു പറഞ്ഞാൽ
അറയ്ക്കുമെന്ന്
ഞങ്ങൾക്കറിയുമായിരുന്നു.

അവരുടെ ഉള്ളിൽ പോയ
പൂച്ചരോമങ്ങൾ അത്രമേൽ
പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

അവരുടെ ചൂണ്ടുവിരൽ
കാഞ്ചിയിൽ മടങ്ങി.

വെടിയിൽ
ചുമര് പച്ചയ്ക്ക് തുളഞ്ഞു.

അതിൽ നിന്നൊരു ചീള്
മേശപ്പുറത്തേക്ക് തെറിച്ചു.

മഷിക്കുപ്പിയിലെ വിള്ളലിൽ നിന്നും
ചുവന്ന മഷിയൊഴുകി
മേശമേൽ പടർന്ന്
രക്തബന്ധത്തേക്കാൾ
ദൃഢതയേറിയതാണ്
മഷിബന്ധമെന്നെഴുതിയ
കടലാസും കുതിർത്ത്
ഉണങ്ങാൻ വിസമ്മതിച്ച്
മനുഷ്യാകൃതിയിൽ
നിലത്തുമ്മവച്ച് കിടന്നു.

മൂന്നാം നാൾ ഞങ്ങൾ
മടങ്ങി വന്നു,
കുട്ടികൾക്കൊപ്പം.

മടങ്ങി വന്നതിന്റെ
നാലാം നാൾ
ദൈവത്തിന്റെ
ഏഴാം നാളായിരുന്നു.

വിശ്രമത്തിലായിരുന്ന ദൈവം
ഉൽ‌പ്പത്തിയെ പറ്റി
ഉപന്യാസമെഴുതിക്കൊണ്ടിരുന്ന
കുട്ടിയുടെ കടലാസിൽ ഒളിച്ചിരുന്നു,
മനുഷ്യദൈവങ്ങൾ
കാവലാളുകളുടെ വരിയായി.

ഞങ്ങളതിന്മേൽ
മഷിയായി പടർന്നു.