അവര്‍ വരുമെന്ന് നമുക്കുറപ്പായിരുന്നു
അവര്‍ക്ക് എതിര്നില്ക്കുമായിരുന്നവരുടെ
വിഗ്രഹങ്ങള്‍ നാം ഒന്നൊന്നായി എറിഞ്ഞുടച്ചു
അവരെ എതിരേല്ക്കാന് കുഞ്ഞുങ്ങളുടെ
രക്തം നിറച്ച പാനപാത്രങ്ങളുമായി
നാം തലസ്ഥാനത്ത് കാത്തുനിന്നു,
ഉടുപ്പുകള്‍ ഊരി മരവുരികളണിഞ്ഞു
ചരിത്രസ്മാരകങ്ങള്‍ക്ക് തീക്കൊളുത്തി
യാഗങ്ങള്‍ക്ക് അഗ്നിയൊരുക്കി
രാജവീഥികളുടെ പേരുകള്‍ മാറ്റി
നമ്മുടെ ഗ്രന്ഥപ്പുരകള്‍ അവരെ
അരിശം പിടിപ്പിച്ചാലോ എന്നു ഭയന്ന്
അവ ഇടിച്ചു നിരത്തി ദുര്‍മന്ത്രവാദം
നടത്താനുള്ള താളിയോലകള്‍ മാത്രം സംരക്ഷിച്ചു
പക്ഷെ അവര്‍ വന്നത് നാം
അറിഞ്ഞതു പോലുമില്ല
നമ്മുടെ തന്നെ വിഗ്രഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്
നമ്മുടെ പതാകയെ വന്ദിച്ച്
നമ്മുടെ വസ്ത്രങ്ങളണിഞ്ഞ്
നമ്മുടെ നിയമപുസ്തകം കയ്യിലേന്തി
നമ്മുടെ തന്നെ മന്ത്രങ്ങള്‍ ഉരുക്കഴിച്ച്
നമ്മുടെ ഭാഷ സംസാരിച്ച്
രാജസഭയുടെ കല്‍പ്പടവുകള്‍ തൊട്ടു വന്ദിച്ചാണ്
അവര്‍ കയറിവന്നത്
ഒടുവില്‍ അവര്‍ കിണറുകളില്‍
വിഷം കലക്കാനും
കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും
ചിന്തകളുടെ പേരില്‍
മനുഷ്യരെ എയ്തു വീഴ്ത്താനും
തുടങ്ങിയപ്പോഴാണ് നമുക്കു മനസ്സിലായത്
അവര്‍ നമുക്കിടയില്‍, നമുക്കുള്ളില്‍,
തന്നെയായിരുന്നു എന്ന്.
ഇപ്പോള്‍ നാം
അങ്ങോട്ടുമിങ്ങോട്ടും നോക്കി
സംശയത്തോടെ ചോദിക്കുന്നു:
‘നീയാണോ മുട്ഠാളന്?’
മറുപടിക്കു പകരം നമ്മുടെ ഭാവിയില്‍
മുഴുക്കെ പുക പടര്‍ത്തി തീ
ആളിപ്പിടിക്കുന്നതുമാത്രം നാം കാണുന്നു.
നമ്മുടെ ഭാഷ മരണത്തിന്റേതാകുന്നതും.
നഗരചത്വരത്തില്‍ ഇപ്പോള്‍ നാം
രക്ഷകരെയും കാത്തു നില്ക്കുന്നു,
അവരും മറ്റാരോ ആണെന്ന പോലെ.
(ഗ്രീക്ക് കവി സി. പി. കവഫിയുടെ ‘Waiting for the Barbarians’ എന്ന കവിത ഓര്‍ത്തു കൊണ്ട്)
We were certain they would come.
We broke the idols of those who
might have stood against them, one by one.
We waited in the capital to welcome them
with goblets brimming with children’s blood.
We removed our clothes to put on barks,
set fire to monuments,
propitiated fire for the sacrifices to come,
changed the names of the royal streets.
Afraid our libraries might provoke them
we razed them to the ground, letting
only the palm leaves inscribed with the mantras
of black magic to survive.
But we did not even know when they came.
For, they had come up, holding aloft
our own idols, saluting our flag,
dressed like we used to be,
carrying our law-books, chanting our slogans,
speaking our tongue, piously touching
the stone-steps of the royal assembly.
Only when they began to poison our wells,
rob our kids of their food and
shoot people down accusing them of thinking
did we realise they had ever been
amidst us, within us. Now we
look askance at one another and wonder,
‘Are you the barbarian? Are you?’
No answer. We only see the fire spreading
filling our future with smoke and our
language turning into that of death.
Now we wait for our saviour at the city square,
as if it were someone else.
(Remembering C. P. Cavafy’s famous poem, ‘Waiting for the Barbarians’.)